സ്വര്‍ണവില 70,000ല്‍ താഴെ; ഒരാഴ്ചയ്ക്കിടെ 4,000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000 രൂപയില്‍ താഴെ എത്തി. ഇന്ന് പവന് ഏകദേശം 1,560 രൂപയുടെ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപ ആയി കുറഞ്ഞു. ഗ്രാമിന് 195 രൂപയുടെ ഇടിവ് രേഖപ്പെടുത്തി നിലവിലെ വില 8,610 രൂപ ആയി. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ് ഉയരം. എട്ടിന് രേഖപ്പെടുത്തിയ 73,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ ഏകദേശം നാലായിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70000 കടന്നത്.